ന്യൂഡൽഹി: ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയ തങ്ങളുടെ പൗരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസി. ഒൻപത് മാസം മുതൽ 80 വയസ്സ് വരെ പ്രായമുള്ളവരുടെ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ 230ലധികം ആളുകളെയാണ് ഹമാസ് തട്ടിക്കൊണ്ടു പോയത്.
ഇവർ എവിടെയാണെന്ന് കണ്ടെത്താനുള്ള തിരച്ചിൽ ഇസ്രായേൽ സൈന്യം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. ഹമാസ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും നേരത്തെ മാദ്ധ്യമപ്രവർത്തകർക്കായി ഇസ്രായേൽ എംബസി പ്രദർശിപ്പിച്ചിരുന്നു. ആളുകളെ കൊല്ലുന്നത് സംബന്ധിച്ച് ഹമാസ് ഭീകരർ തമ്മിൽ നടത്തുന്ന സംഭാഷണങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.
ഹമാസ് ബന്ദിയാക്കിയ ഒരു സൈനിക ഉദ്യോഗസ്ഥയെ കഴിഞ്ഞ ദിവസം രക്ഷപെടുത്തിയിരുന്നു. അതിനും ഏതാനും ദിവസങ്ങൾക്ക് മുൻപ് നാല് ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ബന്ദികളാക്കിയവരെ എത്രയും വേഗം രാജ്യത്ത് തിരികെ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.