എറണാകുളം: ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ക്രൂരമായി പോലീസുകാർ മർദ്ദിച്ചെന്ന പരാതിയുമായി പതിനേഴുകാരന്റെ കുടുംബം. പെരുമ്പാവൂർ സ്വദേശി പാർത്ഥിപനാണ് മർദ്ദനമേറ്റെന്ന പരാതിയുമായി രംഗത്തെത്തിയത്. പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് നട്ടെല്ലിന് പൊട്ടലേറ്റെന്നും വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ മാസം 28-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെരുമ്പാവൂരിൽ നിന്നും സുഹൃത്തിനെ കാണാനായി കാറിൽ പോകുന്ന സമയത്തായിരുന്നു പതിനേഴുകാരനെ പോലീസ് പിടികൂടിയത്. വാഹനത്തിൽ ലഹരി മരുന്ന് ഉണ്ടെന്ന് ആരോപിച്ച പോലീസ് വഴിയിലിട്ട് തന്നെ മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥി പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. മകന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനാൽ അനങ്ങാൻ പോലും സാധിക്കുന്നില്ലെന്നും പോലീസുകാർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥിയുടെ അമ്മ അറിയിച്ചു.
അതേസമയം ആരോപണങ്ങളെല്ലാം പാലാ പോലീസ് നിഷേധിച്ചു. പരിശോധനാ സമയത്ത് കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോകുന്നത് കണ്ടാണ് വിദ്യാർത്ഥിയെ പിടികൂടിയതെന്നും മർദ്ദിച്ചിട്ടില്ലെന്നുമായിരുന്നു പോലീസുകാരുടെ വാദം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.