തിരുവനന്തപുരം: നടി പ്രിയയുടെ മരണ വാർത്ത സഹപ്രവർത്തകരും ആരാധകരും ഞെട്ടലോടെയായിരുന്നു കേട്ടത്. എട്ട് മാസം ഗർഭിണിയായിരുന്ന പ്രിയ ഹൃദയാഘാതം മൂലമാണ് മരിച്ചത്. നിലവിൽ പ്രിയയുടെ കുഞ്ഞ് ഐസിയുവിൽ തുടരുകയാണ്. മകളുടെ വിയോഗം താങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബം. ഈ അവസരത്തിൽ പ്രിയയുടെ പിതാവിന്റെ വാക്കുകൾ നോവാകുകയാണ്.
‘എന്റെ ഒരേയൊരു മകളാണ്. അവൾ മാത്രമെ ഉള്ളൂ ഞങ്ങൾക്ക്… ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തപ്പോൾ പ്രിയയ്‌ക്ക് ഡയേറിയ പിടിപെട്ടു. ഓപ്പറേഷൻ ചെയ്താണ് കുഞ്ഞിനെ പുറത്തെടുത്തത്. പക്ഷേ മകളെ രക്ഷിക്കാനായില്ല… എട്ടാം മാസം തികയുന്നതെ ഉണ്ടായിരുന്നുള്ളൂ. പ്രിയ ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കുഞ്ഞിന്റെ അവസ്ഥയും വളരെ മോശമാണ്. മറ്റേതെങ്കിലും ആശുപത്രിയിലേയ്‌ക്ക് മാറ്റിയാലും ജീവൻ രക്ഷിക്കുക ബുദ്ധിമുട്ടാണ്’.
നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ സ്ഥാനം നേടിയ നടി ഡോ. പ്രിയ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാത്തതെ തുടർന്ന് അന്തരിച്ചത്. ടെലിവിഷൻ താരം കിഷോർ സത്യയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ മരണവാർത്ത പങ്കുവെച്ചത്.