കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ തെറ്റുകളെ ചോദ്യം ചെയ്ത മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്. ഈ കേസുകളെ നെഞ്ചുവിരിച്ച് ബിജെപി നേരിടുമെന്നും എല്ലാ പ്രശ്നങ്ങളെയും വര്‍ഗീയ വത്കരിച്ച് രക്ഷപ്പെടാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്നും സുരേന്ദ്രന് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വികസന രാഹിത്യവും മറച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയാണെന്നും പാലസ്തീനോടുള്ള സ്നേഹം കൊണ്ടല്ല ചേരിതിരിവുണ്ടാക്കി വോട്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിലെവിടെയും ഹമാസ് പ്രതിനിധിക്ക് സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. എന്നാല്‍ മലപ്പുറത്ത് അതിനുളള സൗകര്യം പിണറായി വിജയന് ചെയ്തുകൊടുത്തിരിക്കുകയാണ്. ഇവര്‍ക്കെതിരെ ഒരു നടപടിയുമെടുത്തില്ല. പകരം ഇതിനെ ചോദ്യം ചെയ്ത കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. വാർതത്ത റിപ്പോർട്ട് ചെയ്ത ജനം ടിവിക്കെതിരെയും സ്ഥാപനത്തിലെ മാദ്ധ്യമ പ്രവർത്തകർക്കെതിരെയും പോലീസ് കള്ളക്കേസ് ചുമത്തിയതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അതേസമയം സിപിഎം ആഗ്രഹിക്കുന്ന വഴിയേ പോകുന്ന പ്രതിപക്ഷമാണ് ഇവിടെയുളളതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പ് ലാക്കാക്കി സദ്ദാം ഹുസ്സൈന്‍ സിന്ദാബാദ് വിളിച്ചവര്‍ ഇപ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനായാണ് പാലസ്തീന് പ്രശ്നം പൊക്കിക്കൊണ്ടുവരുന്നത്. കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. സംസ്ഥാന വിഹിതം ഇല്ലാത്തതിനാല്‍ തൊഴിലുറപ്പ് പദ്ധതി, ജലജീവൻ മിഷൻ, ഉച്ചക്കഞ്ഞി, നെൽകൃഷി സംഭരണം, മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുകൾ നൽകുന്നതുൾപ്പെടെയുള്ള പദ്ധതികൾ പ്രതിസന്ധിയിലാണ്. എല്ലാ മേഖലയിലും സര്‍ക്കാര്‍ നികുതി കൂട്ടുകയാണെന്നും എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിഹിതം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കുത്തകകളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള 70,000 കോടി രൂപ പിരിക്കുന്നില്ല. ഇവരുമായി അധികൃതര്‍ ഒത്തുകളിക്കുകയാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. ഈ കുടിശ്ശിക എന്താണ് പിരിച്ചെടുക്കാത്തതെന്ന് ധനമന്ത്രി വ്യക്തമാക്കണം. തൊഴില്‍ , പട്ടയ വിതരണം എന്നിവയെല്ലാം പൊളളയായ വാഗ്ദാനങ്ങളായി. സംസ്ഥാനം കടക്കെണിയിലായപ്പോള്‍ അതിനെ മറച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഘോഷം നടത്തുകയാണെന്നും പരിപാടികളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് താലപര്യമില്ലാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥരോട് ലീവടെുത്ത് കുടുംബ സമേതം പരിപാടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.