പാലക്കാട്: പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പോലീസ് തിരയുന്ന മരിച്ച അൻസറിന്റെ രണ്ടാമത്തെ സുഹൃത്തിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല കരിമ്പനക്കടവ് പുഴയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടൂർക്കര സ്വദേശി കബീറാണ് മരിച്ചത്. തൃത്താല പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു.
കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിൽ പോലീസ് കബീറിനായി തിരച്ചിൽ നടത്തിവരികയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കബീറിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തിയത്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
സംഭവത്തിൽ അൻസറിന്റെ സുഹൃത്ത് മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കബീറിനായി പോലീസ് കരിമ്പനക്കടവിൽ തിരച്ചിൽനടത്തിയത്. തന്റെ ഉറ്റ സുഹൃത്ത് മുസ്തഫയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് അൻസാർ ആശുപത്രിയിലെ നേഴ്സിനോട് പറഞ്ഞിരുന്നു. അൻസറിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മുസ്തഫയെ പിടികൂടിയത്.