കോഴിക്കോട്: ജില്ലയിലെ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ രോഗികൾ മണിക്കൂറോളം കാത്തു നിൽക്കുന്ന സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡി എം ഓയോടും ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷൻ ആവശ്യപ്പെട്ടു. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരവസ്ഥ കാണിച്ച് മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി.
ആശുപത്രിയിലെ ഒപി ടിക്കറ്റ് കൗണ്ടർ കാര്യക്ഷമല്ലാത്തതിനെ തുടർന്ന് മണിക്കൂറോളമാണ് രോഗികൾ ക്യൂവിൽ നിന്ന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. നീണ്ട ക്യൂ ആയതിനാൽ തന്നെ പലപ്പോഴും രോഗികൾ ഡോക്ടറെ കാണാതെ മടങ്ങി പോവേണ്ട അവസ്ഥയും വന്നിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരോ കൗണ്ടറുകളോ ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് രോഗികൾ പറഞ്ഞു.
9 മണി മുതൽ കൊടുക്കുന്ന ഒപി ടിക്കറ്റിനായി പുലർച്ച മുതൽ കാത്തു കിടക്കുന്ന രോഗികളുടെ ക്യൂ ഉച്ചയോടു കൂടി റോഡിലേക്ക് നീളുന്ന കാഴ്ചയാണ് മിക്ക ദിവസങ്ങളിലുമുള്ളത്. 12:30 വരെയാണ് ഒപി സമയം. ഇതിനിടയിൽ കമ്പ്യൂട്ടറുകൾ തകരാറിലാവുന്നതും രോഗികളെ മടക്കി അയക്കുന്നതിന് കാരണമാകുന്നു എന്നാണ് പരാതി. ഈ മാസം 28-ന് കോഴിക്കോട് കലക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.