ഇടുക്കി: കൗൺസിലിങ്ങിനായി എത്തിയ യുവതിയെ പാസ്റ്റർ മർദ്ദിച്ച കേസിൽ ‘എസ്‌ഐക്ക് സസ്‌പെൻഷൻ’. യുവതിയെ പാസ്റ്ററുടെ അടുത്തേക്ക് കൗൺസിലിങ്ങിന് വിട്ടതിനാണ് എസ്‌ഐയ്‌ക്കെതിരെ നടപടി. വെള്ളത്തൂവൽ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എബ്രഹാം ഐസക്കിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. യുവതിയെ മർദ്ദിച്ച പാസ്റ്റർക്കും ഭാര്യക്കുമെതിരെ കേസെടുക്കുകയും ചെയ്തു.
ഭർത്താവിനെതിരെ പരാതിയുമായി എട്ടുമാസം മുമ്പായിരുന്നു യുവതി വെള്ളത്തൂർ പോലീസിനെ സമീപിച്ചത്. ഭർത്താവിന് കൗൺസിലിങ്ങ് നടത്തിയെങ്കിലും വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടായി. അതോടെ യുവതിയും കൗൺസിലിങ്ങിന് പോകണമെന്ന് പോലീസുകാർ അറിയിച്ചു. തുടർന്ന് പാസ്റ്ററുടെ അടുത്തേക്കായിരുന്നു യുവതിയെ എസ്‌ഐ പറഞ്ഞുവിട്ടത്. എന്നാൽ കൗൺസിലിങ്ങിനിടെ യുവതി ചിരിച്ചെന്ന് ആരോപിച്ച് പാസ്റ്റർ മർദ്ദിക്കുകയായിരുന്നു. ഇതോടെ പാസ്റ്റർക്കും ഭാര്യക്കുമെതിരെ യുവതി കഴിഞ്ഞ മാസം 18-ന് പോലീസിൽ പരാതി നൽകി.
ഇതിനിടെ യുവതി നൽകിയ ആദ്യ പരാതിയിൽ എസ്‌ഐ എടുത്ത നടപടിയെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐക്കെതിരെ നടപടിയെടുത്തത്.