തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. താലൂക്ക് സെക്കൻഡ് ഗ്രേഡ് സർവേയർ എൻ രവീന്ദ്രനാണ് പിടിയിലായത്. 2,500 രൂപ കൈക്കൂലി വാങ്ങവെയാണ് പിടിയിലായത്. അയ്യന്തോൾ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
പരാതിക്കാരന്റെ വസ്തു കോടതി ഉത്തരവ് അനുസരിച്ച് അളന്ന് നൽകുന്നതിന് അഡ്വ കമ്മീഷനെ നിയമിച്ചിരുന്നു. ജൂലൈ 21 സ്ഥലം അളക്കുന്നതിന് എത്തിയ രവീന്ദ്രൻ അളവ് പൂർത്തിയാക്കിയില്ല. മറ്റൊരു ദിവസം എത്തമെന്ന് പറഞ്ഞ് ഫീസെന്ന വ്യാജേന 2,500 രൂപ കൈക്കൂലി വാങ്ങി. സെപ്റ്റംബർ 11-ന് വീണ്ടും സ്ഥലം അളക്കാൻ എത്തുകയും 2,500 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു.
സർവേയിൽ ആവശ്യപ്പെട്ട 2,500 രൂപ കൈക്കൂലിയാണെന്ന് മനസിലാക്കിയ പരാതിക്കാരൻ വിവരം തൃശൂർ വിജിലൻസ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനെ അറിയിച്ചു. പിന്നാലെ തൃശൂർ വിജിലൻസ് ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു.