തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വിമ്മിംഗ് പൂളിനും ആഘോഷങ്ങൾക്കും സർക്കാരിന് പണമുണ്ട്. സർക്കാരിന്റെ ധൂർത്തിനായി കോടികൾ മുടക്കാനുണ്ട്. എന്നാൽ റേഷനും ശമ്പളം കൊടുക്കാനും സർക്കാരിന് പണമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ബില്ലുകൾ വൈകിപ്പിക്കുന്നു എന്ന ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെങ്കിൽ തെളിവ് കാണിക്കണം. സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സാധാരണ കർഷകത്തൊഴിലാളികൾക്കുള്ള ക്ഷേമ പെൻഷനും ഇതുവരെ വിതരണം ചെയ്തിട്ടില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പളവും അനിശ്ചിതത്വത്തിലാണ്. സംസ്ഥാനത്ത് വൈദ്യുതി ബില്ലും വാട്ടർ ബില്ലും വർദ്ധിപ്പിച്ച വാരം തന്നെയായിരുന്നു സർക്കാർ കോടികൾ മുടക്കി തലസ്ഥാനത്ത് കേരളീയം പരിപാടി നടത്തിയത്. ഇതിനിടെയാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് സർക്കാർ വാദിക്കുന്നത്.