തിരുവനന്തപുരം: കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ ബോംബ് ഭീഷണി മുഴക്കിയ പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഉച്ചക്കട സ്വദേശി നിതിനെയാണ് ചോദ്യം ചെയ്യലിനു ശേഷം ജാമ്യത്തിൽ വിട്ടയച്ചത്. കന്റോൺമെന്റ് പോലീസാണ് ഇയാളെ ചോദ്യം ചെയ്തത്. വ്യാജ സന്ദേശമാണ് കൈമാറിയതെന്ന് പ്രതി സമ്മതിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വിവരം.
ഇന്നലെ പോലീസ് ആസ്ഥാനത്തേയ്‌ക്ക് വിളിച്ചാണ് നിതിൻ ബോംബ് ഭീഷണി മുഴക്കിയത്. സെക്രട്ടറിയേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്നും അകത്ത് വച്ചിരിക്കുന്ന സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. ഉടൻ തന്നെ സ്നിഫർ ഡോഗ്സിന്റെ സഹായത്തോടെ പോലീസ് ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റ് പരിസരത്തും പുറത്തും തിരച്ചിൽ നടത്തി.
രാവിലെ 11.30നാണ് ഫോൺ സന്ദേശത്തിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ചയുടൻ സിറ്റി പോലീസിന് കൈമാറി. ഭീഷണിയെ തുടർന്ന് സെക്രട്ടേറിയറ്റ് പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.