ലക്നൗ : 600 ഓളം ഹൃദ്രോഗികൾക്ക് വ്യാജ പേസ് മേക്കറുകൾ വച്ച സംഭവത്തിൽ പ്രശസ്തനായ കാർഡിയോളജിസ്റ്റ് ഡോക്ടർ സമീർ സറഫ് അറസ്റ്റിൽ . ഇറ്റാവയിലെ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കക് സയൻസസിലെ കാർഡിയോളജി വിഭാഗത്തിലെ ഡോക്ടറായ സമീർ സറഫ് 2017 നും 2021 നും ഇടയിലാണ് 600 ഹൃദ്രോഗികൾക്ക് വ്യാജ പേസ് മേക്കറുകൾ ഘടിപ്പിച്ചത് . ഇതിൽ 200 ഓളം രോഗികൾ മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അറസ്റ്റിലായ ഡോക്ടറെ ലക്നൗവിലേക്ക് കൊണ്ടുപോയതായി സീനിയർ പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു. ഹൃദ്രോഗികൾക്ക് വിലകുറഞ്ഞ പേസ് മേക്കറുകൾ സ്ഥാപിച്ച് രോഗികളെ അന്യായമായി മുതലെടുക്കുകയും അവരിൽ നിന്ന് കൂടുതൽ പണം തട്ടിയെടുക്കുകയും ചെയ്തെന്നാണ് സറഫിനെതിരെയുള്ള പരാതി . അന്വേഷിക്കാനായി ചുമതലപ്പെടുത്തിയ സമിതി പരാതി കഴമ്പുള്ളതാണെന്ന് കണ്ടെത്തി.
വ്യാജ കമ്പനികളിൽ നിന്ന് വിലകുറഞ്ഞ പേസ് മേക്കർ വാങ്ങുകയും പിന്നീട് രോഗികൾക്കുള്ളിൽ ഘടിപ്പിക്കുകയും 9 മടങ്ങ് വില ഈടാക്കുകയുമായിരുന്നു.ചീഫ് മെഡിക്കൽ സൂപ്രണ്ടായിരുന്ന ഡോ. ആദേശ് കുമാറാണ് ഇയാൾക്കെതിരെ പരാതി നൽകിയത് .രോഗികളുടെ കുടുംബാംഗങ്ങളിൽ നിന്ന് അനധികൃതമായി പണം തട്ടിയ കേസിലും സമീർ സറഫ് പ്രതിയാണ് .