ഭാരതീയർക്കും ലോകം മുഴുവനുമുള്ള സനാതനധർമ വിശ്വാസികൾക്കും ഒഴിച്ചുകൂടാനാകാത്ത ആഘോഷമാണ് ദീപാവലി. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക് എന്നതാണ് ഓരോ ദീപാവലിയും നൽകുന്ന സന്ദേശം.
മനുഷ്യഹൃദയങ്ങളിൽ സ്ഥിതി ചെയ്യുന്ന തിന്മയെ നിഗ്രഹിച്ച് ആത്യന്തിക നന്മയിലേക്കുള്ള പരിവർത്തനമാണ് ദീപാവലി നൽകുന്ന സന്ദേശം. ദീപങ്ങൾ കൊണ്ട് രാവ് പകലാകുന്ന ദിനം. മധുര പലഹാരങ്ങളും മറ്റും കൈമാറുന്ന ദിനം, കന്യാകുമാരി മുതൽ കശമീർ വരെ ഇന്ത്യയൊട്ടാകെ നീളുന്ന ആഘോഷരാവാണ് ദീപാവലി. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. 14 വർഷം നീണ്ട വനവാസത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ മടങ്ങിയെത്തിയ ദിനമാണ് ദീപാവലി എന്നാണ് ഐതീഹ്യം. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അവസാനദിനമാണ് ഈ ആഘോഷം നടക്കുന്നത്.
ധർമ്മവിജയം നേടിയ ശ്രീരാമൻ അയോദ്ധ്യാവാസിയായി വീണ്ടും ജനമനസ്സിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട ദിവസം. ശ്രീരാമൻ തിരിച്ചെത്തിയപ്പോൾ അയോദ്ധ്യ മുഴുവനും ദീപങ്ങളാൽ പ്രകാശിപ്പിച്ച് അദ്ദേഹത്തെ സ്വാഗതം ചെയ്തുവെന്ന വിശ്വാസമാണ് ദീപാവലിയുടെ കാതൽ. അതിനാൽ വിളക്കുകൾ കത്തിക്കുന്നത് സന്തോഷത്തിന്റെ പ്രതീകമായി കണക്കാക്കുന്നു.
വിളക്ക് കൊളുത്തുന്നത് കോപവും അത്യാഗ്രഹവും മറ്റ് ദുർഗുണങ്ങളും നശിപ്പിക്കുന്നു. ഭൂമി, ആകാശം, അഗ്നി, ജലം, വായു എന്നിവ പരസ്പരം പ്രകാശിപ്പിക്കാൻ വിളക്കുകളായി ഉപയോഗിക്കുന്നു. ധൻതേരസ് മുതൽ ഭായ് ദൂജ് വരെ ദീപങ്ങൾ തെളിയിക്കുന്നത് ഈ അഞ്ച് ഘടകങ്ങളെ സന്തുലിതമാക്കുമെന്നും അതിന്റെ പ്രഭാവം വർഷം മുഴുവനും ഒരു വ്യക്തിയുടെ ജീവിതത്തിൽ നിലനിൽക്കുമെന്നും പറയുന്നു.
ഇന്ത്യയൊട്ടാകെ ദീപാവലി കൊണ്ടാടുന്നുണ്ടെങ്കിലും പലയിടത്തെയും ഐതീഹ്യം പലതാണ്. ശ്രീകൃഷ്ണൻ നരാകസുരനെ വധിച്ചതിന്റെ ആഘോഷമായും, മഹാവീരൻ നിർവാണം പ്രാപിച്ചതിന്റെ ഓർമ്മയ്ക്കായും ദീപാവലി ആഘോഷിക്കപ്പെടുന്നു. അഞ്ച് ദിവസം നീണ്ടു നിൽക്കുന്നതാണ് ദീപാവലി ആഘോഷങ്ങൾ. ആശ്വിനമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് നരക ചതുർദശി ആഘോഷിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് ലക്ഷ്മി പൂജ. നാലാം ദിനം ബലി പ്രതിപദ ദിനമായും ആഘോഷിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു.
പല സംസ്ഥാനങ്ങളിലെയും ആചാരങ്ങളും ആഘോഷങ്ങളും വ്യത്യസ്തമാണെങ്കിലും തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ചെരാതുകളിൽ ദീപം തെളിക്കുന്നതാണ് ദീപാവലിയുടെ വലിയ പ്രത്യേകത. ചിലയിടങ്ങളിൽ കരിമരുന്നു വിസ്മയത്തിന്റെ അകമ്പടിയുമുണ്ടാകും ആഘോഷത്തിന് മാറ്റുകൂട്ടാൻ.