ജയ്പൂർ: സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി. ഹരിയാന മുൻ അദ്ധ്യക്ഷൻ അശോക് തൻവാർ,കോൺഗ്രസ് മുൻ മന്ത്രി രാം ഗോപാൽ ബൈർവയുൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിപി ജോഷി, ലോക്സഭാ അംഗം രാജ്യവർദ്ധൻ സിംഗ് റാത്തോഡ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപിയുടെ പുതിയ നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വിശ്വാസം അർപ്പിച്ചതിനാലാണ് ഇവർ ബിജെപിയിൽ ചേർന്നതെന്നും പുതിയ നേതാക്കളോട് നന്ദി അറിയിക്കുന്നുവെന്നും രാജസ്ഥാൻ ബിജെപി അദ്ധ്യക്ഷൻ ജോഷി പറഞ്ഞു. 2019 ഒക്ടോബറിലാണ് ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദർ സിംഗ് ഹൂഡയുമായുള്ള പ്രശ്നങ്ങൾക്കൊടുവിലാണ് അശോക് തൻവാർ കോൺഗ്രസ് വിട്ടത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു തൻവാറിന്റെ തീരുമാനം.
നവംബർ 25-നാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് നാല് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.