അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം നടത്തുന്നതിനായുള്ള ടിക്കറ്റുകളുടെ വിതരണത്തിൽ വർദ്ധന. 20 മിനിറ്റിൽ വിറ്റത് രണ്ടര ലക്ഷം ടിക്കറ്റുകളെന്ന് കണക്കുകൾ പുറത്തുവിട്ട് തിരുപ്പതി ദേവസ്വം ബോർഡ്. 300 രൂപയുടെ പ്രത്യേക പ്രവേശന ടിക്കറ്റുകളും വിറ്റഴിച്ചതായി ദേവസ്വം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഈ കണക്കുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ദേവസ്വം ബോർഡ് പുറത്തിറക്കിയത്.
വൈകുണ്ഡ ഏകാദശി’ ദിനമായ ഡിസംബർ 23 മുതലാണ് വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം ആരംഭിക്കുന്നത്. 2024 ജനുവരി ഒന്ന് വരെ 10 ദിവസത്തേക്കാണ് പ്രത്യേക ദർശനം അനുവദിക്കുക. 300 രൂപയുടെ 2.25 ലക്ഷം ടിക്കറ്റുകൾ വിറ്റതോടെ ആറേമുക്കാൽ ലക്ഷം രൂപയാണ് ദേവസ്വത്തിന് വരുമാനം ലഭിച്ചിരിക്കുന്നതെന്ന് ദേവസ്വത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2,000 രൂപയുടെ 20,000 ശ്രീവാണി ടിക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ദർശനം ലഭിക്കുന്ന ഭക്തർക്ക് വൈകിട്ട് അഞ്ച് മണിക്ക് അവരുടെ താമസ സൗകര്യം ഓൺലൈനായി ബുക്ക് ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.