തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നവംബർ 15-ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരിക്ഷണ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം നവംബർ 16-ഓടെ തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതോടെ മഴ കനക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശ പ്രകാരം മാറി താമസിക്കാനും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദ സഞ്ചാരങ്ങളും പൂർണമായി ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.