പരമ്പരാഗത സ്വയം തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് അഞ്ച് ശതമാനം പലിശയിൽ മൂന്ന് ലക്ഷം രൂപ വരെ ഈടുരഹിത വായ്പ അടക്കം ഒട്ടേറെ ആനുകൂല്യങ്ങൾ നൽകുന്ന ‘പിഎം വിശ്വകർമ പദ്ധതി’യ്ക്ക് വൻ സ്വീകാര്യത. പദ്ധതി ആരംഭിച്ച് രണ്ട് മാസമാകുമ്പോൾ അപേക്ഷകരുടെ എണ്ണം 14.06 ലക്ഷമായതായി റിപ്പോർട്ട്. 38,647 പേരുടെ ആദ്യഘട്ട പരിശോധനയും 4298 പേരുടെ രണ്ടാം ഘട്ട പരിശോധനയും കഴിഞ്ഞു. 151 പേർ വിജയകരമായി നടപടികൾ പൂർത്തിയാക്കി.
വായ്പ പദ്ധതി പ്രകാരം യഥാർത്ഥ പലിശ 13 ശതമാനം ആണെങ്കിലും എട്ട് ശതമാനം സർക്കാരാണ് വഹിക്കുന്നത്. 5–7 ദിവസത്തെ നൈപുണ്യ പരിശീലനം കഴിഞ്ഞാൽ ഒരു ലക്ഷം രൂപ അനുവദിക്കും. 18 മാസം കൊണ്ട് തിരിച്ചടയ്ക്കുന്ന മുറയ്ക്ക് രണ്ട് ലക്ഷം രൂപ കൂടി ലഭിക്കും. ഇത് 30 മാസം കൊണ്ട് തിരിച്ചടയ്ക്കണം. വായ്പയ്ക്ക് പുറമേ തൊഴിലുപകരണങ്ങൾ വാങ്ങാൻ 15,000 രൂപയുടെ വൗച്ചർ, നൈപുണ്യ പരിശീലനം, സ്റ്റൈപൻഡ് അടക്കമുള്ളവ ലഭിക്കും.
സ്വർണ പണിക്കാർ, ഇരുമ്പ് പണിക്കാർ, അലക്കുകാർ, ബാർബർമാർ, കൽപ്പണിക്കാർ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും വിശ്വകർമ യോജന. രജിസ്ട്രേഷൻ, പരിശോധന എന്നിവ പൂർത്തിയായാൽ പിഎം വിശ്വകർമ സർട്ടിഫിക്കറ്റും ഐഡി കാർഡും ലഭിക്കും. തൊഴിലുമായി ബന്ധപ്പെട്ട് യുപിഐ ഇടപാടുകൾ നടത്തിയാൽ ഓരോ ഇടപാടിനും ഒരു രൂപ ആനുകൂല്യമായി ലഭിക്കും, പ്രതിമാസം 100 ഇടപാടുകൾ മാത്രമേ നടത്താവൂ. ഉത്പന്നങ്ങളും സേവനങ്ങളും ബ്രാൻഡ് ചെയ്യാനും വിപണനം ചെയ്യാനും നാഷണൽ കമ്മിറ്റി ഓഫ് മാർക്കറ്റിംഗിന്റെ പിന്തുണയും അപേക്ഷകർക്ക് ലഭിക്കും.
കോമൺ സർവീസ് സെന്ററുകൾ (CSC) വഴിയോ എന്ന വെബ്സൈറ്റ് വഴിയോ നേരിട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ സൗജന്യമാണ്. ആധാർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, റേഷൻ കാർഡ് വിവരങ്ങൾ എന്നീ രേഖകൾ രജിസ്ട്രേഷൻ നടപടികൾക്ക് ആവശ്യമാണ്. രജിസ്ട്രേഷന് ശേഷം മൂന്ന് തലത്തിലുള്ള പരിശോധനയുണ്ടാകും. തദ്ദേശ സ്ഥാപന മേധാവി, ജില്ലാ ഇംപ്ലിമെന്റേഷൻ സമിതി, ജില്ലാതല സ്ക്രീനിംഗ് സമിതി എന്നിവർ പരിശോധന നടത്തിയ ശേഷമാകും അപേക്ഷ സ്വീകരിക്കുക.