പാലക്കാട്: ഷൊർണൂരിൽ നിന്നും എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഷൊർണൂർ പോലീസും നടത്തിയ പരിശോധനയിൽ തലശേരി സ്വദേശി നൗഷാദ്, വടകര സ്വദേശി സുമേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 277 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പാലക്കാട് ജില്ലാ പോലീസ് പിടികൂടിയ ഏറ്റവും വലിയ എംഡിഎംഎ കടത്താണിത്.
സംസ്ഥാനത്തേക്ക് വൻ തോതിൽ ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റുകളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്നാണ് സൂചന. ലഹരി വിൽപ്പനയുടെ ഭാഗമായി ഷൊർണൂരിലെ ഒരു ഹോട്ടലിൽ താമസിക്കവെയാണ് പ്രതികൾ പിടിയിലായത്. നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കർണാടക രജിസ്ട്രേഷൻ കാറിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.