എറണാകുളം: കോലഞ്ചേരിയിൽ വെയർഹൗസ് മാനേജരെ ആക്രമിച്ച് ജീവനക്കാർ. ചെങ്ങന്നൂർ സ്വദേശി സദാശിവനെയാണ് ജീവനക്കാരായ രണ്ട് യുവാക്കൾ മർദ്ദിച്ചത്. യുവാക്കളുടെ മദ്യപാനം മാനേജർ ചോദ്യം ചെയ്തതിനാലാണ് ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്.
വൈപ്പിൻ സ്വദേശിയായ അമലും വാളകം സ്വദേശിയായ വിഷ്ണുവും ചേർന്നാണ് മാനേജർ സദാശിവനെ മർദ്ദിച്ചത്. അമലും വിഷ്ണുവും സ്ഥാപനത്തിൽ വച്ച് മദ്യപിക്കുന്നത് പതിവ് സംഭവമായിരുന്നു. ഇത് സദാശിവൻ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായാണ് യുവാക്കൾ മർദ്ദിച്ചത്.
പരിക്കേറ്റ സദാശിവൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളായ രണ്ട് യുവാക്കളും ഒളിവിൽ കഴിയുകയാണ്.