ശ്രീനഗർ: 75 വർഷങ്ങൾക്ക് ശേഷം കശ്മീർ അതിർത്തിയിലെ ശാരദ ക്ഷേത്രത്തിൽ ദീപാവലി ആഘോഷമാക്കി ജനങ്ങൾ. നീലം എന്നറിയപ്പെടുന്ന കിഷൻഗംഗ നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിയന്ത്രണ രേഖയിൽ നിന്ന് കുറച്ച് അകലെ ടിറ്റ്വാൾ എന്ന സ്ഥലത്തിനടുത്താണ് ക്ഷേത്രം. കുപ്‌വാര ജില്ലയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള തീത്‌വാൾ ഗ്രാമത്തിൽ ഇന്നലെ മൺവിളക്കുകൾ തെളിഞ്ഞത് വിസ്മയമായിരുന്നു. ദീപാവലി ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിന് പുറത്ത് ആളുകൾ ഒത്തുകൂടി പടക്കം പൊട്ടിച്ചും ആഘോഷിച്ചു.
75 വർഷത്തിനിടെ ഇതാദ്യമായാണ് ദീപാവലി ആഘോഷമാക്കുന്നതെന്ന് സേവ് ശാരദ കമ്മിറ്റി തലവൻ രവീന്ദർ പറഞ്ഞു. 75 വർഷങ്ങൾക്ക് മുമ്പ് ദീപാവലി ആഘോഷിക്കുന്നത് സന്തോഷകരമായ കാര്യമായിരുന്നു. വിഭജനത്തിന് ശേഷം ആദ്യമായാണ് കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ ദീപാവലി വിളക്കുകൾ തെളിയുന്നത്. ശാരദാപീഠം തുറക്കണമെന്നാണ് സർക്കാരിനോടുള്ള ഞങ്ങളുടെ അഭ്യർത്ഥനയെന്ന് അദ്ദേഹം പറഞ്ഞു.
വടക്കൻ കശ്മീരിലെ അതിർത്തി ജില്ലയായ കുപ്വാരയിൽ നിയന്ത്രണരേഖയോട് ചേർന്ന് പണി കഴിപ്പിച്ച ശാരദാ ദേവി ക്ഷേത്രം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് മാർച്ച് 22 നു ഉദ്ഘാടനം ചെയ്തത്. 1947ൽ പാക് ഭീകരരുടെ ആക്രമണം മൂലം ക്ഷേത്രത്തിന് ഈ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചു. 2300 വർഷം പഴക്കമുള്ള ഈ ശാരദാപീഠം പുനരുജ്ജീവിപ്പിക്കണമെന്ന് കശ്മീരി പണ്ഡിറ്റുകൾ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു.
ബിസി 237 ൽ അശോക ചക്രവർത്തി ഈ ക്ഷേത്രം പണികഴിപ്പിച്ചതാണെന്ന് പറയപ്പെടുന്നു. ഈ പീഠം മൂന്ന് ശക്തികളുടെ സംഗമസ്ഥാനം കൂടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒരുകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന വിജ്ഞാനകേന്ദ്രമായിരുന്നു ശാരദാപീഠം. ശൈവ-വൈഷ്ണവ വിഭാഗങ്ങളുടെ പിതാക്കൻമാരായ ആദിഗുരു ശങ്കരാചാര്യരും ആചാര്യ രാമാനുജാചാര്യരും ഇവിടെ താമസിച്ചിരുന്നതായി പറയപ്പെടുന്നു.പാക് അധീന കശ്മീരിലെ നീലം നദീതടത്തിൽ ശാരദാപീഠത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ചിതറിക്കിടക്കുന്നുവെന്നാണ് വിശ്വാസം.