ചെന്നൈ: മദ്യം നൽകാത്തതിനെ തുടർന്ന് മദ്യവില്പനശാലയ്‌ക്ക് തീയിട്ട് യുവാവ്. വിശാഖപ്പട്ടണത്തിലെ മദുരവാഡ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ശനിയാഴ്ച ഷോപ്പ് അടയ്‌ക്കുന്ന സമയത്താണ് മധു എന്നയാൾ വന്നതും മദ്യം ആവശ്യപ്പെട്ടതും. എന്നാൽ, കട അടയ്‌ക്കാൻ പോകുന്നതിനാൽ ഇനി മദ്യം നൽകാൻ പറ്റില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് കടയ്‌ക്ക് തീയിട്ടത്.
മദ്യം നൽകില്ലെന്ന് പറഞ്ഞതോടെ ജീവനക്കാരനോട് തട്ടികയറുകയായിരുന്നു. ജീവനക്കാർ താക്കീത് നൽകിയതോടെ ഇയാൾ ഷോപ്പിൽ നിന്ന് മടങ്ങിപ്പോയി. തുടർന്ന്, ഞായറാഴ്ച വൈകീട്ടോടെ ഷോപ്പിലേക്ക് മടങ്ങിയെത്തിയ മധു കൈയിൽ കരുതിയ പെട്രോൾ ഷോപ്പിനുള്ളിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു. ജീവനക്കാരുടെ ശരീരത്തിലേക്കും ഇയാൾ പെട്രോൾ ഒഴിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവാവിനെ പോലീസ് പിടികൂടി.
ജീവനക്കാർ ഷോപ്പിൽ നിന്നും ഇറങ്ങി ഓടിയതിനാൽ വൻ അപകടമായിരുന്നു ഒഴിവായത്. ഒന്നര ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് അഗ്നിക്കിരയായത്. വിവിധ വകുപ്പുകൾ ചേർത്ത് പ്രതിയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.