തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളിയതിൽ പ്രതികരിച്ച് പരാതിക്കാരൻ ആർ.എസ് ശശികുമാർ. വിധി പ്രസ്താവത്തിൽ സത്യസന്ധതയില്ലെന്നും വിധിയിൽ അദ്ഭുതമില്ലെന്നും ലോകായുക്ത സ്വാധീനിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുമെന്നാണ് പറഞ്ഞത് എന്നാൽ ഇപ്പേൾ മുട്ടിലിഴയുകയാണെന്നും ശശികുമാർ പറഞ്ഞു. കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹർജിയാണ് ആദ്യം തള്ളിയത്. ഇതിന് പിന്നാലെ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയായ പ്രധാന ഹർജിയും ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്.
മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്കു പരിശോധിക്കാമോ, കേസ് നിലനിൽക്കുമോ എന്നീ കാര്യങ്ങളിലായിരുന്നു ലോകയുക്ത വിധി പറഞ്ഞത്.
വാദം കേട്ട രണ്ട് ഉപലോകായുക്തമാർ, ദുരിതാശ്വാസനിധി പരാതിയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ മുൻ എംഎൽഎ പരേതനായ കെ.കെ.രാമചന്ദ്രൻനായരുടെ ജീവചരിത്രം പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തിൽ വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിവാക്കണമെന്നായിരുന്നു ആദ്യ ഹർജി.