എറണാകുളം: വയനാട് പുൽപ്പള്ളി സർവ്വീസ് സഹകരണ സംഘം വായ്പ്പാത്തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുകൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ മുൻ പ്രസിഡന്റും കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ. അബ്രാഹാം ഉൾപ്പെടെയുള്ളവരുടെ 4.34 കോടി രൂപയുടെ സ്വത്തുകളാണ് ഇഡി കണ്ടുകെട്ടിയത്. അബ്രഹാമിനെ കൂടാതെ മുൻ സെക്രട്ടറിയുടേയും മറ്റ് ബോർഡ് അംഗങ്ങളുടേയും സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. വായ്പ്പാത്തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ്് ചെയ്ത ഒന്നാം പ്രതി കെ.കെ. അബ്രഹാം റിമാൻഡിൽ തുടരുകയാണ്.
മുൻ ഭരണസമിതിയുടെ കാലത്ത് ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം നടക്കുന്നത്. മുമ്പ് സഹകരണവകുപ്പും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ എട്ടുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വായ്പ്പാത്തട്ടിപ്പ് കേസിൽ പ്രതിയായതോടെ കെകെ അബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു.