ശ്രീനഗർ: കശ്മീരിലെ പുൽവാമ ജില്ലയിലെ ഭീകരവാദികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ. ജില്ലയിലെ കാകപോറ തഹസിലെ രണ്ട് ഭീകരരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഭീകരവിരുദ്ധ പ്രവർത്തനം തടയാനുള്ള നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. എൻഐഎ പ്രത്യേക കോടതിയുടെ ഉത്തരവനുസരിച്ചാണ് നടപടി. എട്ട് പ്രധാന സ്വത്തുവകകളാണ് പിടിച്ചെടുത്തത്.
പുൽവാമ സിംഗൂ നർബൽ സ്വദേശികളായ മുഹമ്മദ് ഷാഫി വാനി, മുഹമ്മദ് ടിക്ക ഖാൻ എന്നീ ഭീകരരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുഹമ്മദ് ഷാഫി വാനിയുടെ പേരിലുള്ള 5 സ്വത്തുക്കളും മുഹമ്മദ് ടിക്ക ഖാന്റെ പേരിലുള്ള മൂന്നു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. ഭീകരവാദത്തിനെതിരെയുള്ള ശക്തമായ നീക്കമാണിതെന്നും മേഖലയിൽ സമാധാനം നിലനിർത്താനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നടപടികൾ തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.