കോഴിക്കോട്: മാദ്ധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചെന്ന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹത്തിന് വിരാമം. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ താരത്തെ അറസ്റ്റ് ചെയ്യാതെ നോട്ടീസ് നൽകി വിട്ടയച്ചു. ചോദ്യം ചെയ്യലിനായി കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലേക്കായിരുന്നു സുരേഷ് ഗോപിയെ വിളിച്ചുവരുത്തിയത്. സ്റ്റേഷന് മുന്നിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി ചുറ്റുംകൂടി നിന്ന ഏവരെയും അഭിസംബോധന ചെയ്തു. തനിക്ക് നൽകുന്ന സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു.
സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ മണിക്കൂറുകൾ നീണ്ട നാടകീയതയായിരുന്നു നടക്കാവ് പോലീസ് സ്റ്റേഷനിൽ അരങ്ങേറിയിരുന്നത്. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിക്ക് ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ എന്നിവ പകർത്താനും സൂക്ഷിക്കാനുമുള്ള പ്രത്യേക ഉപകരണങ്ങൾ അടങ്ങിയ മുറിയിലായിരുന്നു സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.
എന്നാൽ സുരേഷ് ഗോപിയെ അനുകൂലിച്ച് പോലീസ്റ്റ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയത് ആയിരങ്ങളായിരുന്നു. സ്ത്രീകളടക്കം നിരവധി പേർ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടക്കാവിലെത്തി. സ്ത്രീകൾ പലരും വികാരഭരിതരായാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രമുഖ നേതാക്കളായ പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവരും സ്റ്റേഷന് പുറത്തുണ്ടായിരുന്നു.
കഴിഞ്ഞ മാസം 27-നായിരുന്നു സുരേഷ് ഗോപിക്കെതിരെ പരാതിയുമായി മാദ്ധ്യമ പ്രവർത്തക രംഗത്ത് വന്നത്. തോളിൽ മോശമായി സ്പർശിച്ചെന്ന് കാണിച്ച് പോലീസിലും വനിതാ കമ്മീഷനും മാദ്ധ്യമ പ്രവർത്തക പരാതി നൽകുകയായിരുന്നു. എന്നാൽ ഇതിന് മുമ്പ് തന്നെ മാദ്ധ്യമപ്രവർത്തകയുടെ പ്രതികരണത്തെ മാനിച്ച് സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചെങ്കിലും അത് പോരെന്ന നിലപാടായിരുന്നു മാദ്ധ്യമപ്രവർത്തക സ്വീകരിച്ചത്.