കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ലോൺ ആപ്പ് ഭീഷണി. കോഴിക്കോട് കുറ്റ്യാടിയിൽ ലോൺ ആപ്പിന്റെ ഭീഷണിയിൽ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ 25 കാരിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2000 രൂപയാണ് യുവതി വായ്പ എടുത്തത്. സ്വര്‍ണം പണയം വച്ചും മറ്റും ഒരു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നെന്നാണ് വീട്ടമ്മ പറയുന്നത്. ഇതിന് പിന്നാലെ പണം നൽകാത്തതിനെ തുടർന്ന് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഫോണിലേക്ക് അയച്ചു നൽകുകയായിരുന്നു. ഇവ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ വ്യക്തമാക്കി.
പണമില്ലെന്ന് അറിയിച്ചതോടെയാണ് ലോൺ ആപ്പിന്റെ ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് യുവതിയുടെ വാട്‌സ് ആപ്പിലെ പ്രൊഫൈല്‍ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിലേക്ക് അയച്ചു. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതി. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡോക്ടർമാർ പുറത്ത് വിട്ടിട്ടില്ല.