താനും , ഭാര്യ രാധികയും നേരിട്ട വേദനകൾ തുറന്ന് പറഞ്ഞ് നടൻ സുരേഷ് ഗോപി . കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ‘കാരുണ്യ മാൻ ഓഫ് ദി ഇയർ 2023’ പുരസ്കാരം എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം . ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. വലിയ ദുരന്തങ്ങളും ഞങ്ങൾ രണ്ടുപേരും ചേർന്ന് നേരിട്ടിട്ടുണ്ട്.
പുരസ്കാരങ്ങൾ നൽകാനാണ് സാധാരണ ഇങ്ങനെയുള്ള വേദികളിൽ ഞാൻ പോകാറുള്ളത്. എന്റെ പ്രാർഥനയുടെ ഭാഗമായി, പ്രാർഥനാപൂർവം ഞാൻ ചെയ്യുന്ന പ്രവൃത്തിയുടെ ഭാഗമായി, എനിക്ക് ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ചു നൽകുന്നുണ്ട് എന്ന് നിങ്ങളുടെ മുന്നിൽ വന്ന് നന്ദിപൂർവം ഞാൻ സ്മരിക്കുക മാത്രമാണ് ചെയ്യുക
രാധികയെ കണ്ടെത്തിയതിനു ശേഷമാണ് എന്റെ ഒരിഷ്ടം ഒഴിവാക്കിപ്പിച്ചത്. ഒഴിവാക്കിപ്പിച്ചതല്ല, ഇല്ലായ്മ ചെയ്തത്. അതിൽ ഞാൻ ആരെയും കുറ്റം ഒന്നും പറയില്ല. കാരണം ഏറ്റവും വലിയ അനുഗ്രഹമാണ് എനിക്ക് അതുവഴി കിട്ടിയത്. അതുകൊണ്ട് അവരെ കുറ്റം പറയുന്നത് ദൈവദോഷമാണ്. ഇനി പ്രസവിക്കുകയേ ഇല്ല എന്നു പറഞ്ഞിടത്ത്, അത്രയും വിഷമിച്ച ഒരു സമയത്ത് നാലു കുഞ്ഞുങ്ങളെയാണ് ഞങ്ങൾക്കു ലഭിച്ചത്. പേടിച്ചുപോയി, കാരണം ഒരു നഷ്ടം എന്നു പറയുന്നത്, അവിടം കൊണ്ട് തീർന്നോ എന്നു പറയുന്നിടത്താണ്. അത്രയും വലിയ ഒരു വ്യാകുലത. അത്രയും ആർത്തിയോടെയാണ് ഓരോ കുഞ്ഞുങ്ങളെയും ഞങ്ങൾ ഏറ്റെടുത്തത്. അങ്ങനെ ഈശ്വരൻ എനിക്ക് അനുഗ്രഹിച്ചുതന്ന മക്കളാണ് അവർ
നമ്മളോട് വിരോധം ഉള്ളവരും ശത്രുക്കളും ഒക്കെ നമ്മളെ ഇപ്പോൾ കുറച്ച് സങ്കടപ്പെടുത്തും, വേദനിപ്പിക്കും. എങ്കിലും അവരെല്ലാം തെറ്റിദ്ധാരണ മാറ്റിവച്ച് ഒരു നാൾ നമ്മുടെ കൂടെ വരും. ആ വിശ്വാസത്തിലാണ് രാഷ്ട്രീയ ജീവിതം ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നത്. അതങ്ങനെ തന്നെയാകും എന്ന ചങ്കുറപ്പ് എനിക്കുണ്ട്. – അദ്ദേഹം പറഞ്ഞു.