ന്യൂഡൽഹി: ഇന്തോ-പസഫിക് ഇക്കണോമിക് ഫ്രൈം വർക്ക് ഫോർ പ്രോസ്പിരിറ്റിയുടെ
(ഐപ്ഇഎഫ് ) ഭാഗമായ സപ്ലൈ ചെയിൻ റിസൈലൻസ് ഉടമ്പടിയിൽ ഒപ്പുവച്ച് കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. സാധനങ്ങളുടെയും സേവനങ്ങളുടെയും അന്താരാഷ്ട്ര തലത്തിലെ വിതരണത്തെ ബാധിക്കാൻ ഇടയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉടമ്പടി ഏറെ പ്രയോജനകരമാണ്. ഇന്ത്യയും അമേരിക്കയും ഉൾപ്പടെ 12 അംഗങ്ങളാണ് ഐപ്ഇഎഫ് ഗ്രൂപ്പിലുള്ളത്.
ഓസ്ട്രേലിയ, ബ്രൂണൈ ദാറുസ്സ്ലാം, ഫിജി, ഇന്ത്യ, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലാന്റ്, യുഎസ്, വിയറ്റ്നാം എന്നീ 12 രാജ്യങ്ങളാണ് ഐപ്ഇഎഫ് സപ്ലൈ ചെയിൻ റിസൈലൻസ് ഉടമ്പടിയിൽ ഒപ്പുവച്ചത് . ഇത് ആഗോളതലത്തിൽ സപ്ലൈ ചെയിനിന് കരുത്തു പകരുകയും പരസ്പരമുള്ള സഹകരണം വർദ്ധിപ്പിക്കാനും സുസ്ഥിരത നിലനിർത്താൻ സഹായിക്കുകയും ചെയ്യുമെന്ന് പിയൂഷ് ഗോയൽ പ്രതികരിച്ചു. ചെറുകിട വ്യവസായങ്ങൾക്ക് പിന്തുണ കൊടുക്കുക, പ്രദേശിക വാണിജ്യമേഖല ശക്തിപ്പെടുത്തുക എന്നിവയാണ് ഉടമ്പടിയുടെ മറ്റു ലക്ഷ്യങ്ങൾ.
കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചിരുന്നു. ഇത് ഒട്ടുമിക്ക രാജ്യങ്ങളെയും ചൈനയുടെ ആശ്രയവലയത്തിലാക്കി. മരുന്നുകളുടെ വിപണന മേഖലയെ ഇത് ബാധിച്ചിരുന്നു. ഈ പ്രശ്നത്തിന് ഉടമ്പടി വലിയ അളവിൽ പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്.