ന്യൂഡൽഹി: ജമ്മുകശ്മീരിൽ 38 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഖേദം പ്രകടിപ്പിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിലെ ദോഡയിലുണ്ടായ ബസ് അപകടം വേദനാജനകമാണെന്നും പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 10,0000 രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.
ദോഡയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഇതുവരെ 38 പേരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ബത്തോട്ട് കിഷ്ത്വാർ ദേശീയപാതയിൽ അസർ പ്രദേശത്ത് വെച്ച് 300 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.