എറണാകുളം: കഞ്ചാവ് കേസിൽ പിടിച്ചതിന്റെ പ്രതികാരത്തിൽ എക്സൈസ് ജീപ്പിന് തീയിട്ട് യുവാവ്. പുന്നേക്കാട് സ്വദേശി ജിത്തുവാണ് ജീപ്പിന് തീയിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആളില്ലാത്ത സമയം നോക്കിയാണ് 20-കാരൻ ജീപ്പിന് തീയിട്ടത്. കഴിഞ്ഞ വർഷം ജിത്തുവിനെ കഞ്ചാവ് കേസിൽ പിടികൂടിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ജീപ്പിന് തീയിടാൻ കാരണമായത്. കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് പിടിയിലായി.
എക്സൈസ് ഓഫീസിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് ജിത്തു ജിപ്പിന് തീയിടുകയായിരുന്നു. ആളുകൾ വരുന്നതിനു മുന്നേ ഇയാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പുക ഉയരുന്നത് കണ്ട സമീപത്തുള്ള വ്യാപാരികളാണ് തീ അണച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച എക്സൈസ്, പ്രതി ജിത്തുവാണെന്ന് തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.