തിരുവനന്തപുരം: ആശ്രിത നിയമനത്തിന്റെ മറവിൽ കെഎസ്ഇബിയിൽ ഒരേ സമയം രണ്ട് പേർക്ക് ജോലി. തിരുവനന്തപുരം ചാക്ക വൈദ്യുതി സെക്ഷനിലാണ് സംഭവം. ഓവർസിയറായിരുന്ന ഉദ്യോഗസ്ഥന്റെ മരണത്തെ തുടർന്ന് സഹോദരനും മകൾക്കും ആശ്രിത നിയമനം നടത്തിയതായാണ് പുറത്തുവന്ന വിവരം. നാളുകളായി
കെഎസ്ഇബി ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന സംഭവമാണ് പുറത്തായത്.
ഓവർസിയറായിരുന്ന വട്ടിയൂർക്കാവ് സ്വദേശി രാജപ്പൻ 1972-ലാണ് മരണമടഞ്ഞത്. തുടർന്ന് 1974-ൽ ആശ്രിതനിയമനത്തിന് അപേക്ഷിച്ച സഹോദരൻ ശശിധരൻ ക്ളറിക്കൽ തസ്തികയിൽ സർവീസിൽ കയറി. സീനിയർ സൂപ്രണ്ടായി 2008-ൽ വിരമിച്ചു. എന്നാൽ ശശിധരൻ സർവീസിലിരിക്കെ രാജപ്പന്റെ മകൾ ബിന്ദു 1989-ൽ ആശ്രിതനിയമനത്തിലൂടെ ഓഫീസ് അസിസ്റ്റന്റായി നിയമനം നേടി. നിലവിൽ ഇവർ സർവീസിലുണ്ട്. 2017-ലാണ് ഇത് സംബന്ധിച്ച് ഒരു അജ്ഞാതൻ കെഎസ്ഇബിയിൽ പരാതി നൽകിയത്.
ഇത് സംബന്ധിച്ച് പരാതി ഉയർന്നതോടെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു രേഖയും സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തി. നിയമന ഉത്തരവിന്റെ പകർപ്പ് മാത്രമാണുള്ളത്. അതിൽ ഇരുവർക്കും ഒരേ ആളുടെ പേരിലാണ് ആശ്രിതനിയമനം നൽകിയിട്ടുള്ളതെന്ന് വ്യക്തമാണ്. എന്നാൽ, എങ്ങനെയാണ് ഇത് സംഭവിച്ചതെന്നോ, ആരൊക്കെയാണ് പിന്നിലെന്നോ കണ്ടെത്താൻ ഓഫീസിൽ രേഖകളില്ല.
ഇതോടെ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി പ്രശ്നം അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവരാവകാശപ്രവർത്തകനായ അനിൽ കുമാറിന്റെ ഇടപെടലിലാണ് സത്യം മറനീക്കി പുറത്തുവന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് അനിൽകുമാർ വിവരങ്ങൾ തേടി അപേക്ഷ സമർപ്പിച്ചത്.