ഇടുക്കി: ഇനി കശ്മീർ താഴ്വരകളിൽ മാത്രമല്ല കേരളത്തിലെ കാന്തല്ലൂരിലും കുങ്കുമപ്പൂവ് വിളയും. കാന്തല്ലൂർ സ്വദേശി ബി രാമമൂർത്തിയാണ് പരീക്ഷണാടിസ്ഥാനത്തിൽ കുങ്കുമപ്പൂവ് കൃഷി ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹം ആദ്യമായി കൃഷി നടത്തിയത്. പെരുമല, വട്ടവട പഴത്തോട്ടം, ഉടുമ്പൻചോല, വാഗമൺ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. എന്നാൽ കനത്ത മഴയെ തുടർന്ന് കൃഷി നശിച്ച് പോവുകയായിരുന്നു.
ശ്രീനഗറിലെ പാമ്പൂർ ഗ്രാമത്തിൽ നിന്ന് ഗുണമേന്മയുള്ള വിത്തുകൾ എത്തിച്ച് 25 സെന്റ് സ്ഥലത്ത് മാത്രമാണ് ഇത്തവണ കൃഷിയിറക്കിയത്. ഇതിൽ 12 സെന്റ് തുറസ്സായ സ്ഥലത്തും ബാക്കി പോളിഹൗസിലും നട്ടു. കൃത്യമായ പരിപാലനവും നൽകി. തത്ഫലമായി ഇത്തവണ നല്ല വിളവ് നേടിയിരിക്കുകയാണ്. രാമമൂർത്തിയെ കൂടാതെ ഇപ്രാവശ്യം വണ്ടൻമേട് ചേറ്റുകുഴിയിൽ അരുണും കൃഷി ചെയ്തു. അവിടെയും കുങ്കുമപ്പൂവ് പൂത്തിട്ടുണ്ട്. കൃഷി വിജയം കണ്ടതോടെ രണ്ട് പേരും ആവേശത്തിലാണ്. കുങ്കുമപ്പൂവ് കൃഷി തുടരാനാണ് ഇരുവരുടെയും തീരുമാനം.
ബെംഗളൂരു ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് ഡയറക്ടർ ഡോ.വി. വെങ്കിടസുബ്രഹ്മണ്യൻ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. കശ്മീരിലേക്കാൾ 1.5 മില്ലിമീറ്റർ വലുപ്പം കൂടുതലാണ് കാന്തല്ലൂരിലെ കുങ്കുമപ്പൂവിനെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് കുങ്കുമപ്പൂ വിളവെടുക്കുന്നത്. കാന്തല്ലൂരിലെ തണുത്ത കാലാവസ്ഥ അനുകൂലമായതിനാൽ അടുത്തവർഷം അഞ്ചേക്കറിൽ കൃഷി ചെയ്യും. ഇതിന് മുൻപ് കൊടൈക്കനാലിൽ ഒരു കർഷകൻ കുങ്കുമപ്പൂ കൃഷി ചെയ്തിരുന്നു.