പാലക്കാട്: മൊബൈൽ ആപ്പ് കേസിൽ കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ യൂത്ത് കോൺഗ്രസ് വ്യാജ ആപ്ലിക്കേഷൻ നിർമ്മിച്ചുവെന്നും രാജ്യദ്രോഹ കുറ്റത്തിനാണ് കോൺഗ്രസ് നേതാക്കൾ കൂട്ടുനിൽക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
‘തിരഞ്ഞെടുപ്പിൽ വിജയിക്കാൻ യൂത്ത് കോൺഗ്രസ് വ്യാജ ആപ്ലിക്കേഷൻ നിർമ്മിച്ചു. കെസി വേണു ഗോപാലിനടക്കം ഇക്കാര്യം അറിയാം. ഇത് രാജ്യ ദ്രോഹ കുറ്റമാണ്. ഒന്നര ലക്ഷത്തോളം വ്യാജ തിരഞ്ഞെടുപ്പ് കാർഡുകൾ കോൺഗ്രസ് നിർമ്മിച്ചു. ഇതൊരു തീവ്രവാദ പ്രവർത്തനമാണ്. പാലക്കാട് വിജയിക്കുന്നതിലടക്കം ഇത്തരം കാർഡുകൾ ഉപയോഗിച്ചോ എന്ന് അന്വേഷിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കേണ്ടതുണ്ട്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്കും ഈ കാര്യം അറിയാവുന്നതാണ്. സംഘടനാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് ഈ കാർഡുകൾ ഉപയോഗിച്ചു’.
മൊബൈൽ ആപ്പിന്റെ തെളിവ് സഹിതം കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പരാതി നൽകിയത്. ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധിയ്‌ക്കും പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പ്രത്യേക ആപ്പ് രൂപീകരിച്ചാണ് കോൺഗ്രസ് വ്യാജ തിരഞ്ഞെടുപ്പ് കാർഡുകൾ നിർമ്മിച്ചത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള വ്യാജ കാർഡുകൾ. പരാതികൾ കോൺഗ്രസ് മൂടിവച്ചിരിക്കുന്നു. ഇതും ഗുരുതരമായ കുറ്റമാണ്. ഷാഫി പറമ്പിൽ എംഎൽഎയാണ് ഇതിന് നേതൃത്വം നൽകിയത്. ഈ രാജ്യദ്രോഹകുറ്റത്തിന് കോൺഗ്രസ് നേതാക്കൾ കൂട്ടുനിൽക്കുകയാണ്. ഈ കാർഡുകൾ വേറെ എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇക്കാര്യത്തിൽ സമഗ്രമായി അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.