പത്തനാപുരം: കട്ട് ചെയ്ത മീറ്റർ നോക്കി ബില്ല് അടിച്ച് കെഎസ്ഇബി. പത്തനാപുരം പട്ടാഴി വടക്കേക്കര പഞ്ചായത്തിലാണ് സംഭവം. കൈതവേലിൽ വീട്ടിൽ ഓമന എന്ന വീട്ടമ്മയ്‌ക്കാണ് 3000 രൂപ വൈദ്യുത ബിൽ വന്നിരിക്കുന്നത്. അഞ്ച് മാസങ്ങളായി ഇരുട്ടിൽ കഴിയുകയാണ് ഈ നിർധന കുടുംബം. ഇതിനിടെയാണ് ഇരുട്ടടിയായി കെഎസ്ഇബി ബില്ല്.
ചോർന്നൊലിക്കുന്ന വീട്ടിലാണ് ഓമനയും ഭർത്താവും മകളും താമസിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. പഴയ വീട് പൊളിച്ചതിനെ തുടർന്ന് 6 മാസമായി താത്കാലിക ഷെഡ്ഡ് കെട്ടിയാണ് കുടുംബം താമസിക്കുന്നത്. പഴയ വീട് പൊളിച്ചപ്പോൾ വൈദ്യുതി വിച്ഛേദിച്ചിരുന്നു.
ഇങ്ങനെ വിച്ഛേദിച്ച കണക്ഷൻ ഇല്ലാത്ത മീറ്ററിൽ നോക്കിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ഓമനയുടെ കുടുംബത്തിന് ബില്ല് നല്‍കിയിരിക്കുന്നത്. പല തവണ ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും വ്യക്തമായ മറുപടി ഉദ്യോഗസ്ഥർ നൽകിയില്ല. വൈദ്യുതിയ്‌ക്കായി പുതിയ കണക്ഷൻ വേണമെങ്കിൽ പുതിയ പോസ്റ്റ് സ്ഥാപിക്കണമെന്നും അതിന് 8000 രൂപ വേണമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.