ബലിയ: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ഫോണിലൂടെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി. ഉത്തർപ്രദേശിലെ നർഹാനിയിലാണ് സംഭവം. ഭർത്താവ് ഗൗസുൽ അസമിനും കുടുംബത്തിലെ മറ്റ് എട്ട് പേർക്കുമെതിരെ യുവതിയുടെ പരാതിയിൽ സിക്കന്ദർപൂർ പോലീസ് കേസെടുത്തു. സ്ത്രീധന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എസ്എച്ച്ഒ ദിനേശ് പഥക് പറഞ്ഞു.
ശബ്നം ഖാത്തൂൺ, മുസ്ലീം ആചാരപ്രകാരം ഗൗസുൽ അസമിനെ രണ്ട് വർഷം മുമ്പാണ് വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിന് ശേഷം ജോലിക്കായി കുവൈറ്റിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിച്ച ഇയാൾ ഒന്നര ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടു. വീട്ടുകാരോട് സ്ത്രീധനമായി പണം ചോദിക്കാൻ നിർബന്ധിക്കുകയും ചെയ്തെന്ന് ശബ്നം നൽകിയ പരാതിയിൽ പറയുന്നു. പണം നൽകാതത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചെന്നും തുടർന്ന് വീട്ടിലേക്ക് തിരികെ പോയെന്നും യുവതി പോലീസിനോട് പറഞ്ഞു.
പിന്നാലെ കുവൈറ്റിലേക്ക് പോയ ഭർത്താവ് ലീവിന് തിരികെയെത്തിയപ്പോൾ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ശല്യം ചെയ്യാൻ തുടങ്ങി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഫോണിലൂടെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നാണ് യുവതിയുടെ പരാതി.