കോഴിക്കോട്: നഴ്‌സുമാരെ ഡോക്ടർ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി. കോട്ടപ്പറമ്പ് ആശുപത്രിയിലെ ഡോക്ടർ റോബിനെതിരെയാണ് പരാതി. രോഗികളുടെ മുന്നിൽ വച്ച് നഴ്‌സുമാരോട് ഡോക്ടർ റോബിൻ അപമര്യാദയായി പെരുമാറുകയും ജാതി ചോദിക്കുകയും ചെയ്തു. ശേഷം രോഗികളുടെ മുന്നിൽ വച്ച് ജാതിപ്പേര് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിന് ശേഷം നഴ്‌സുമാരുടെ ഓഫീസിൽ അതിക്രമിച്ച് കയറിയും ഡോക്ടർ റോബിൻ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. കൂടാതെ നഴ്‌സുമാരെ അധിക്ഷേപിക്കാനും ഇയാൾ ശ്രമിച്ചു. അതേസമയം പരാതിയിൽ അന്വേഷണം പൂർത്തിയായെങ്കിലും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനോ തുടർ നടപടികളെടുക്കാനോ നഴ്‌സിംഗ് സൂപ്രണ്ട് തയ്യാറായിട്ടില്ല.
ഡോക്ടർ റോബിനെ സംരക്ഷിക്കാൻ നഴ്സിംഗ് സൂപ്രണ്ട് ശ്രമിക്കുന്നതായും കേരള ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ആരോപിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മുൻപ് റിപ്പോർട്ട് കൈമാറിയില്ലെങ്കിൽ വൻ പ്രതിഷേധങ്ങളിലേയ്‌ക്ക് കാര്യങ്ങൾ നീങ്ങുമെന്നും കെജിഎൻഎ അറിയിച്ചു.