ഹൈദരാബാദ്: മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാർ ആത്മഹത്യ ചെയ്തു. ഹൈദരാബാദ് വരസിഗുഡ സ്വദേശികളായ കെ.സായ് കൃഷ്ണ(35), ഭാര്യ ചിത്രലേഖ(30), മകൾ തേജസ്വിനി എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയുടെ ചുമരിൽ തങ്ങളുടെ മരണത്തിന് കാരണക്കാരയവർ എന്ന് കാണിച്ച് മൂന്ന് പേരുകളും എഴുതിയിരുന്നു.
ഇന്നലെ രാവിലെയായിരുന്നു ദമ്പതികളെയും കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വൈകിയും വീട്ടിൽ ഉച്ചത്തിൽ ടി.വിയിൽ നിന്നുള്ള ശബ്ദം കേട്ടതായി സമീപ വാസികൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയും ശബ്ദം കേട്ടതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
കുറച്ചുകാലം മുൻപ് ദമ്പതികൾക്ക് അവരുടെ ജോലി നഷ്ടമായിരുന്നു. സയൻസ് എക്സിബിഷൻ നടത്തിയിരുന്ന ഒരു സംഘത്തിനൊപ്പമാണ് ചിത്രലേഖ ജോലിചെയ്തിരുന്നത്. ഈ സംഘത്തിലെ സഹപ്രവർത്തകരുടെ പേരുകളാണ് വീടിന്റെ ചുമരിലുണ്ടായിരുന്നത്. സായ്കൃഷ്ണ അടുത്തകാലം വരെ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഒടുവിൽ അതും മുടങ്ങിയതോടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായി. ഇതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം.