ന്യൂഡൽഹി: വെർച്വൽ ജി20 ഉച്ചകോടി നവംബർ 22-ന്. സെപ്റ്റംബറിൽ ചേർന്ന ജി20 ഉച്ചകോടിയിൽ കൈക്കൊണ്ട തീരുമാനങ്ങളുടെയും സംഭവ വികാസങ്ങളുടെയും അവലോകനമാകും വെർച്വൽ ഉച്ചകോടിയിൽ നടക്കുക.
ആഫ്രിക്കൻ യൂണിയൻ, ഒൻപത് അതിഥി രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ, 11 അന്താരാഷ്ട്ര സംഘടനകളുടെ തലവൻമാർ എന്നിവരുൾപ്പെടെ എല്ലാ ജി20 രാഷ്ട്രങ്ങളുടെയും നേതാക്കളെ ക്ഷണിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജി20 ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വെർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല.
ലോക നേതാക്കൾ ജി20 ഉച്ചകോടിയിൽ ചർച്ച ചെയ്ത് ഏകകണ്ഠമായി പ്രഖ്യാപനം നടത്തിയ കാര്യങ്ങളിൽ ഫലപ്രദമായ തീരുമാനങ്ങളെടുക്കുന്ന വേദിയാകും വെർച്വൽ ജി20. എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിലെ ചർച്ചകൾ വെർച്വൽ ജി20 ഉച്ചകോടിയ്ക്ക് ശക്തി പകരുമെന്നാണ് വിലയിരുത്തൽ.
നവംബർ 30 വരെയാണ് ഭാരതത്തിന് ജി20 അദ്ധ്യക്ഷ പദവിയുള്ളത്. സെപ്റ്റംബർ 9,10 തീയതികളിലായി ലോകനേതാക്കൾ പങ്കുവെച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അവലോകനം ചെയ്യുമെന്ന് ഉച്ചകോടിയുടെ അവസാന ദിനത്തിൽ പറഞ്ഞിരുന്നു. നൽകിയ നിർദ്ദേശങ്ങൾ വിശകലനം ചെയ്യുകയെന്നത് ഭാരതത്തിന്റെ കടമയാണ്. അവയുടെ പുരോഗതിയെ എങ്ങന ത്വരിതപ്പെടുത്താമെന്ന് അറിയാൻ കൂടിയാണ് ഇത്തരത്തിൽ വെർച്വൽ ജി 20 ഉച്ചകോടി നടത്തുന്നതെന്ന് പ്രധാനമന്ത്രി സമാപന പ്രസംഗത്തിൽ പറഞ്ഞിരുന്നു.