ടെൽ ഹമാസ്: ബന്ദികളാക്കിയവരെ ഹമാസ് മോചിപ്പിക്കുകയാണെങ്കിൽ നിലവിലുള്ള യുദ്ധത്തിന് വലിയ ഇടവേളയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മിഡിൽ ഈസ്റ്റിലെ ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുർക്. 240ഓളം പേരെയാണ് കഴിഞ്ഞ ഒരു മാസത്തിലേറെയാണ് ഹമാസ് തടങ്കലിൽ വച്ചിരിക്കുന്നത്. ഇവരിൽ നാല് പേരെ മാത്രമാണ് ഈ കാലയളവിനുള്ളിൽ ഭീകരർ മോചിപ്പിച്ചത്. ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കാതെ വെടിനിർത്തൽ എന്ന നിർദ്ദേശം പരിഗണിക്കില്ലെന്ന് ഇസ്രായേൽ ആദ്യഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബന്ദികളെ മോചിപ്പിക്കുകയാണെങ്കിൽ ഇസ്രായേലിന്റെ പ്രത്യാക്രമണത്തിന് വലിയ രീതിയിൽ കുറവ് ഉണ്ടാകുമെന്നും, വെടിനിർത്തൽ എന്ന ആവശ്യം അംഗീകരിക്കപ്പെടുമെന്നും ബ്രെറ്റ് പറയുന്നു. ഖത്തറാണ് നിലവിൽ ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെടിനിർത്തൽ സംബന്ധിച്ചും, ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ചും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ബൈഡൻ ചർച്ചകൾ നടത്തിയെന്നും ബ്രെറ്റ് വ്യക്തമാക്കി.
കാലതാമസം ഇല്ലാതെ എല്ലാവരേയും മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഇരുനേതാക്കളും പ്രധാനമായും സംസാരിച്ചത്. ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും, ഇതിൽ തനിക്ക് പ്രതീക്ഷ ഉണ്ടെന്നും ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബന്ദികളാക്കപ്പെട്ടവരിൽ 10ഓളം പേർ യുഎസ് പൗരന്മാരാണ്.
തടവിലാക്കപ്പെട്ടവരുടെ മോചനം സംബന്ധിച്ച് ഈജിപ്ഷ്യൻ നേതാവ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി സംസാരിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരിൽ എട്ടോളം പേർ ഫ്രഞ്ച് പൗരന്മാരാണ്. ഇവരെ മോചിപ്പിക്കുന്നതിനാണ് തങ്ങൾ എല്ലാക്കാലത്തും മുൻഗണന നൽകുന്നതെന്നും മാക്രോൺ പറയുന്നു.