കൊച്ചി: ഹോട്ടൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ആര്‍ടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി. ആര്യാസിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം എറണാകുളം ആർടിഒ ജി. അനന്തകൃഷ്ണനും മകനുമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കവും പനിയും ഉണ്ടായതിനെ തുടർന്ന് ഇവർ ചികിത്സയിലാണ്.
ആർടിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിലെ ആര്യസ് ഹോട്ടലിൽ പരിശോധന നടത്തി. തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന നടത്തിയത്. തുടർന്ന് ആര്യാസ് ഹോട്ടല്‍ നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചു. 25,000 രൂപ പിഴ അടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അനന്തകൃഷ്ണനും മകനും ഹോട്ടലില്‍നിന്ന് നെയ്റോസ്റ്റും വടയും കാപ്പിയും കഴിച്ചത്. എന്നാൽ പത്തുമണിയോടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. വൈകിട്ട് ദേഹാസ്വാസ്ഥ്യവും പനിയും കൂടിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഭക്ഷണം കഴിച്ച മകനും അസ്വസ്ഥതയുണ്ടായി.