ജയ്പൂർ: രാജസ്ഥാന്റെ പുരോഗതിക്കായി സംസ്ഥാനത്ത് ബിജെപി സർക്കാരിനെ അധികാരത്തിലേറ്റണമെന്ന്് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിൽ അഴിമതിയും കുടുംബവാഴ്ചയും മാത്രമാണ് നടക്കുന്നതെന്നും വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാലിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
ഇന്ത്യയുടെ വികസനത്തിന് രാജസ്ഥാൻ വഹിക്കുന്ന പങ്ക് വലുതാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ഭരണാധികാരികളെയാണ് ആവശ്യം. എന്നാൽ കോൺഗ്രസിൽ കുടുംബവാഴ്ചയും അഴിമതിയുമാണ് വർഷങ്ങളായി നടക്കുന്നത്. രാജസ്ഥാന്റെ വികസനമുരടിപ്പിന് കാരണം അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ ഭരണതകർച്ചയാണ്. പക്ഷേ ഇതിന്റെ പാർശ്വഫലങ്ങൾ അനുഭവിച്ചത് സംസ്ഥാനത്തെ ജനങ്ങളാണ്. ഭാരതം വികസിത രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ആ സാഹചര്യത്തിൽ വികസനത്തിന് മുൻതൂക്കം നൽകുന്ന സർക്കാരാണ് രാജസ്ഥാനിൽ അധികാരത്തിൽ വരേണ്ടത്. – പ്രധാനമന്ത്രി പറഞ്ഞു.
ഗെഹ്ലോട്ട് സർക്കാരിന്റെ കാലത്ത് രാജസ്ഥാനിൽ സംഘർഷങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാൾ പെട്രോൾ -ഡീസൽ വിലയും വാറ്റ് നികുതിയും സംസ്ഥാനത്ത് കൂടുതലാണെന്നും ബിജെപി അധികാരത്തിലേറിയാൽ ഇതിൽ കുറവ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.