തൃശൂർ: ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. കയ്പമംഗലത്തിന് സമീപം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ഐഡിയ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് സംഭവം അറിഞ്ഞത്. ജ്വല്ലറിയിൽ നിന്ന് 200 ഗ്രാം വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു. ജ്വല്ലറി കെട്ടിടത്തിന്റെ പിൻവശത്തെ ചുമർ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിരിക്കുന്നത്.
ജ്വല്ലറിക്കുള്ളിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് കവർന്നത്. ഭൂഗർഭ ലോക്കർ തുറക്കാൻ കഴിയാത്തതിനാൽ സ്വർണം നഷ്ടമായിട്ടില്ല. ശനിയും, ഞായറും ജ്വല്ലറി തുറന്നിരുന്നില്ല. കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാന്റെ നേത്യത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് മാസം മുമ്പ് സമീപത്തെ പൊന്നറ ജ്വല്ലറിയിലും സമാന രീതിയിൽ കവർച്ച നടന്നിരുന്നതായി പോലീസ് പറയുന്നു.