കൊൽക്കത്ത: ഒരു ലക്ഷത്തോളം പേർ ഒരുമിച്ച് ഭഗവദ്ഗീത പാരായണം ചെയ്യുന്ന ബൃഹത് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കൊൽക്കത്ത ഒരുങ്ങുന്നു. ‘ഏക് ലക്ഷ് ഗീത് പഥ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഡിസംബർ 24 നാണ് അരങ്ങറുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന മെഗാ ഗീതാ പാരായണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി പശ്ചിമ ബംഗാൾ അദ്ധ്യക്ഷൻ സുന്ത മജുംദാർ അറിയിച്ചു. ‘ഗീതാജയന്തി’ ആഘോഷങ്ങളുടെ ഭാഗമായാണ് പാരായണം സംഘടിപ്പിക്കുന്നത്.
“ഞങ്ങൾ പ്രധാനമന്ത്രി മോദിയെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു, അദ്ദേഹം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു. അന്ന് ഒരു ലക്ഷം പേർ ഒരുമിച്ച് ഭഗവദ്ഗീത പാരായണം ചെയ്യും,” ബംഗാൾ ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. പരിപാടിയിൽ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി, ഗവർണർ സിവി ആനന്ദ ബോസ്, തുടങ്ങി സംസ്ഥാനത്തെ മറ്റ് പ്രമുഖർക്കും ക്ഷണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഖില ഭാരതീയ സംസ്കൃത പരിഷത്തും, സനാതൻ സംസ്കൃതി സൻഷാദും, മോത്തിലാൽ ഭാരത തീർഥ് സേവാ മിഷൻ ആശ്രമവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ ആശ്രമങ്ങളും ക്ഷേത്രങ്ങളും സംയുക്തമായി ഇതിന് സംഘടന രൂപീകരിച്ചിട്ടുണ്ട്. ഒരു ലക്ഷം സ്വരങ്ങളിലൂടെ ഏകാഗ്രമായി ശ്ലോകങ്ങൾ ചൊല്ലാനുള്ള പരിശീലനവും ഇവർ ആരംഭിച്ച് കഴിഞ്ഞു. ആധുനിക ലോകത്ത് ഭഗവത്ഗീതയുടെ പ്രസക്തി ഉയർത്തിക്കാട്ടുകയാണ് ബഹുജന കീർത്തന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്.