ബെംഗളൂരു ; നഗരത്തിലെ അനധികൃത അനാഥാലയത്തിൽ നരകതുല്യ ജീവിതം നയിച്ച് കുഞ്ഞുങ്ങൾ . ദാറുൽ ഉലൂം സയ്യദിയ്യ എന്ന് പേരിട്ടിരിക്കുന്ന ഈ അനാഥാലയത്തിൽ കുട്ടികൾ മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്നാണ് റിപ്പോർട്ട് . ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എൻസിപിസിആർ) അപ്രതീക്ഷിത പരിശോധനയിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് എൻസിപിസിആർ കർണാടക സർക്കാർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.
പരിശോധനയിൽ ഇവിടെ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനുങ്കോ പരിശോധനയുടെ എല്ലാ വിശദാംശങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.100 ചതുരശ്ര അടി മാത്രം വിസ്തീർണ്ണമുള്ള മുറിയിൽ 8 കുട്ടികളാണ് താമസിക്കുന്നത് . ഇരുന്നൂറോളം അനാഥ കുട്ടികളെ ഇവിടെ പാർപ്പിച്ചിരിക്കുന്നു. 5 മുറികളിലായി 40 കുട്ടികൾ താമസിക്കുന്നു. ഇടനാഴിയിൽ 16 കുട്ടികൾ താമസിക്കുന്നുണ്ട് .
ബാക്കിയുള്ള 150 കുട്ടികളെ പള്ളിയിലെ രണ്ട് നിസ്ക്കാര ഹാളുകളിലാണ് ഉറങ്ങുക . ഈ കുട്ടികളെല്ലാം മദ്രസയിൽ നിന്ന് ഇസ്ലാമിക മത വിദ്യാഭ്യാസം മാത്രമാണ് നേടുന്നത് . ഇവർക്ക് ടിവി കാണാനോ , കളിക്കാൻ പോകാനോ അനുവാദമില്ല . മൗലവിയെ കണ്ട് ഭയന്ന് പലരും കണ്ണടച്ച് നിൽക്കുകയാണ് പതിവ്.
പുലർച്ചെ 3:30 ന് അവരെ ഉണർത്തുകയും മദ്രസയിൽ മത വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു. ഈ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ സ്ഥലമില്ല, വിശ്രമമില്ല, വിനോദത്തിനുള്ള സംവിധാനവുമില്ല.
കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഈ അനാഥാലയത്തിന് പ്രത്യേക കെട്ടിടമുണ്ടെങ്കിലും ഈ കുട്ടികളെ അവിടെ നിർത്തുന്നതിന് പകരം അതിൽ സ്കൂൾ നടത്തുന്നതായാണ് വിവരം. എന്നാൽ ഈ സ്കൂളിൽ പോലും ഈ കുട്ടികൾക്ക് പോയി പഠിക്കാൻ അനുവാദമില്ല.വിഷയത്തിൽ എൻസിപിസിആർ കർണാടക സർക്കാരിനെതിരെ കേസെടുത്തു. ഇത് സംസ്ഥാന സർക്കാരിന്റെ അവഗണനയുടെയും രാജ്യത്തിന്റെ ഭരണഘടനാ ലംഘനത്തിന്റെയും തെളിവാണെന്നും പ്രിയങ്ക് കനുങ്കോ പറയുന്നു