തൃശൂർ : ബൈക്കിൽ സഞ്ചരിച്ച സഹോദരങ്ങളും കൈക്കുഞ്ഞുമുൾപ്പെടെ മൂന്ന് പേർ കാനയിൽ വീണ് അപകടം. പണി പൂർത്തിയാക്കാതെ തുറന്ന് കിടന്ന കാനയിലേക്ക് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാനയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതാണ് അപകടത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഹോദരനും സഹോദരിയും യുവതിയുടെ കുട്ടിയുമാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ പാലുവായ് സ്വദേശികളാണ് ഇവർ. ബൈക്ക് നിർത്തി സ്റ്റാൻഡിട്ടതിന് പിന്നാലെ വാഹനം ചരിയുകയും കാനയിലേക്ക് കുട്ടിയും യുവതിയും മറിയുകയുമായിരുന്നു.
കാനയുടെ ഉള്ളിലേക്കാണ് യുവതി വീണത്. ഹെൽമറ്റ് ധരിച്ചതിനാലാണ് യുവതി ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പാവറട്ടി സെൻട്രലിൽ വികസനത്തിന്റെ പേരിൽ ഇരുവശങ്ങളിലും കാന നിർമ്മിച്ചിട്ടുണ്ട്. ഇതിനോട് ചേർന്ന് നികത്താത്ത കുഴികളുമുണ്ട്. ഇതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി സ്ലാബ് ഇടാതെ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു കാന.