അയോദ്ധ്യ : രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അയോദ്ധ്യയിൽ ടെന്റ് സിറ്റി ഒരുങ്ങുന്നു . പ്രാണ പ്രതിഷ്ഠാ പരിപാടിക്കായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ലക്ഷക്കണക്കിന് ആളുകൾ അയോദ്ധ്യയിലെത്താൻ സാധ്യതയുണ്ട്.ഇത് കണക്കിലെടുത്താണ് രാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റും അയോധ്യ ഡെവലപ്മെന്റ് അതോറിറ്റിയും ചേർന്ന് വിവിധ സ്ഥലങ്ങളിൽ ടെന്റ് സിറ്റികൾ നിർമ്മിക്കുന്നത് .
ഇവയിൽ താമസത്തിനും ഭക്ഷണത്തിനും വേണ്ട ക്രമീകരണം ഏർപ്പെടുത്തും. മജാ ഗുപ്തർ ഘട്ടിൽ 20 ഏക്കർ സ്ഥലത്ത് ടെന്റ് സിറ്റി സ്ഥാപിക്കുമെന്ന് വികസന അതോറിറ്റി സെക്രട്ടറി സത്യേന്ദ്ര സിങ് പറഞ്ഞു. ഏകദേശം 25,000 വരെ ഭക്തരെ ഉൾക്കൊള്ളാനുള്ള ക്രമീകരണങ്ങൾ ഒരുങ്ങുന്നുണ്ട് . അയോദ്ധ്യധാമിലെ ബ്രഹ്മകുണ്ഡിന് സമീപവും ഒരു ടെന്റ് സിറ്റി സ്ഥാപിക്കുന്നുണ്ട്. ഇതിൽ 35 ടെന്റുകളാണ് സ്ഥാപിക്കുന്നത്. അതിൽ 30,000 ത്തോളം ഭക്തർക്ക് തങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്.
ബാഗ് ബിജേസിയിലെ 25 ഏക്കർ സ്ഥലത്ത് തീർഥ ക്ഷേത്ര ട്രസ്റ്റ് ഒരു ടെന്റ് സിറ്റി സ്ഥാപിക്കുന്നുണ്ടെന്നും അതിൽ 25,000 ത്തോളം ആളുകൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതുകൂടാതെ കർസേവകപുരം, മണിറാം ദാസ് കന്റോൺമെന്റ് എന്നിവിടങ്ങളിലും ഭക്തർക്ക് തങ്ങാൻ ടെന്റ് സിറ്റിയും ഒരുക്കും.
ശൈത്യകാലത്തെ പ്രാണ പ്രതിഷ്ഠ മഹോത്സവം കണക്കിലെടുത്ത് ഭക്തർക്ക് തണുപ്പിൽ നിന്ന് ആശ്വാസം ലഭിക്കുന്ന തരത്തിലാണ് ടെന്റ് സിറ്റി നിർമിക്കുന്നത്.