ഇടുക്കി: കട്ടപ്പനയിൽ പിക്കപ്പ് വാൻ ഇടിച്ച് റോഡിൽ വീണ ബൈക്ക് യാത്രക്കാരെ ആശുപത്രിയിലെത്തിക്കാതെ പോലീസ്. സംഭവം നടന്നതിന് തൊട്ട് പിന്നാലെ എത്തിയ പോലീസ് വാഹനത്തിലെ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ വിമുഖത കാട്ടിയത്. നെടുംകണ്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ജനം ടി.വിക്ക് ലഭിച്ചു.
ശനിയാഴ്ച രാത്രി പത്തരയോടെ കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം നടന്നത്. കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി (23) എന്നിവർക്കാണ് പരിക്കേറ്റത്. പള്ളിക്കവലയ്ക്ക് സമീപത്തെ കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബൈക്കിൽ ടൗണിലേയ്ക്ക് വരുകയായിരുന്നു യുവാക്കളെ തെറ്റായ ദിശയിൽ എത്തിയ പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽപെട്ട യുവാക്കളെ നാട്ടുകാർ ഓടിക്കൂടി താങ്ങിയെടുക്കുന്നതിനിടെ പോലീസ് ജീപ്പ് അതുവഴിയെത്തി. എന്നാൽ ആശുപത്രിയിൽ എത്തിക്കാനായി പരിക്കേറ്റവരെ ജീപ്പിനടുത്തേയ്ക്ക് എടുത്തുകൊണ്ടു വന്നെങ്കിലും കയറ്റാൻ പോലീസുകാർ വിസമ്മതിച്ചു. ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോകാൻ പോലീസ് നിർദ്ദേശിക്കുകയായിരുന്നു.
സംഭവ ദിവസം നെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ ശേഷം മടങ്ങിയെത്തിയ പോലീസ് ജീപ്പാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതെ ക്രൂരത കാണിച്ചത്. ജീപ്പിലുണ്ടായിരുന്നത് രണ്ടു പോലീസുകാരാണ്. ഇതോടെ അപകടത്തിൽപ്പെട്ടവരെ അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കട്ടപ്പന ഡിവൈഎസ്പിപി വി.എ നിഷാദ്മോൻ വ്യക്തമാക്കി.