ടെൽ അവീവ്: ഇസ്രായേലുമായുള്ള സന്ധി കരാറിലേക്ക് തങ്ങൾ അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ. ഖത്തറാണ് നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്നത്. ഹമാസ് ഇസ്രായേലിനെതിരായ ആക്രമണം ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് മധ്യസ്ഥ നീക്കങ്ങൾക്ക് ഹമാസും പിന്തുണ നൽകിയത്. എന്നാൽ ഈ കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
ഖത്തറിലെ മധ്യസ്ഥ സംഘങ്ങളുമായാണ് ഹമാസ് കരാർ ഉടമ്പടിയിലെ കാര്യങ്ങൾ പങ്കുവച്ചതെന്നും ഇസ്മയിൽ ഹനിയയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇരുകൂട്ടർക്കും അംഗീകരിക്കാവുന്ന തരത്തിലുള്ള ഒരു കരാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബന്ദികളെ വിട്ടയയ്ക്കുന്നതും യുദ്ധം താത്കാലികമായി നിര്‍ത്തി വയ്ക്കുന്നതിനും ആവശ്യമായ നിബന്ധനകളാണ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപത്തേതിനെക്കാൾ അടുത്താണ് ഞങ്ങൾ എന്നാണ് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി, കരാറുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്. 50ഓളം ബന്ദികളെ വിട്ടയയ്ക്കാനുള്ള ഒരു കരാറിൽ ഇസ്രായേലും ഹമാസും ഏർപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത്തരമൊരു കരാറിൽ ഇതുവരെ ഒപ്പുവച്ചിട്ടില്ലെന്ന് ഇസ്രായേലും അമേരിക്കയും പിന്നീട് പ്രസ്താവന ഇറക്കിയിരുന്നു.