തിരുവനന്തപുരം: അമിത വേഗതയിലെത്തിയ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് ഇടിച്ച് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം. പാറശ്ശാല കാരാളിയിലാണ് സംഭവം. അമിതവേഗത്തിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പാറശ്ശാല മുറിയ തോട്ടം സ്വദേശി കിരൺ പ്രസാദാണ് മരിച്ചത്.
നിയന്ത്രണം വിട്ട ബസ് എതിർദിശയിലെത്തിയ ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നെന്ന് നാട്ടുകാർ വ്യക്തമാക്കി.
അതേസമയം ആലപ്പുഴ ബൈപ്പാസിൽ മിനി ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റു. മിനി ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. ബസിന് തൊട്ടു മുന്നിൽ പോയ കാർ ബ്രേക്കിട്ടപ്പോൾ ഇതിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.