ചെന്നൈ: സമ്പൂർണ സാക്ഷരത കൈവരിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി സംസ്ഥാനത്തെ നിരക്ഷരരുടെ കണക്ക്. തമിഴ്നാട്ടിൽ അഞ്ച് ലക്ഷത്തോളം പേർക്ക് മാതൃഭാഷയായ തമിഴ് എഴുതാനും വായിക്കാനും അറിയില്ലെന്നാണ് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സർവേയിലെ കണ്ടെത്തൽ. 18 വയസിന് മുകളിലുള്ളവരിലാണ് സർവേ നടത്തിയത്. ചെന്നൈ നഗരത്തിൽ താമസിക്കുന്ന 11,869 പേർക്ക് തമിഴ് എഴുതാനും വായിക്കാനും അറിയില്ല.
കൂടുതൽ നിരക്ഷരരുള്ളത് സേലം ജില്ലയിലാണ്- 40,191 പേർ. ഇതിൽ 29,176 പേർ സ്ത്രീകളാണ്. എഴുത്തും വായനയും അറിയുന്നതിൽ മുൻപിൽ കന്യാകുമാരി ജില്ലയാണ്. ഇവിടെ 2,797 പേർ മാത്രമാണ് നിരക്ഷരർ. കഴിഞ്ഞ വർഷവും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സമാന രീതിയിൽ സർവേ നടത്തിയിരുന്നു. അതിൽ നിരക്ഷരരായി കണ്ടെത്തിയ 4.80 ലക്ഷം പേർക്ക് തമിഴ് എഴുതാനും വായിക്കാനും പരിശീലനം നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.