കോഴിക്കോട്: എല്ലാവരുമായും തനിക്ക് നല്ല ബന്ധമുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വ്യക്തികളുമായും എല്ലാ ക്ഷേത്രങ്ങളുമായും എല്ലാ വിഭാഗം ആൾക്കാരുമായും ബന്ധമുണ്ടെന്നും അതൊന്നും തനിക്ക് മുറിച്ചുകളയാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് തളി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്ലാവരുടെയും പിന്തുണയോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. കേരളത്തിലെ ആദ്യ ബിജെപി എംപി എന്നതൊക്കെ കഴിഞ്ഞു. അതെല്ലാം ഒരു ആടയാഭരണമല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരു ദേശീയ നേതാവിനെ പോലെയൊരു ഉത്തരവാദിത്തം മാത്രമാണ് ഇനി എനിക്കുള്ളത്”.
“കേരളത്തിലെയും ഭാരതത്തിലെയും ജനങ്ങളെ മുഴുവൻ വാരിപ്പുണർന്നുകൊണ്ട് തന്നെയാണ് ഞാൻ കേന്ദ്രമന്ത്രി സ്ഥാനം തുടങ്ങിയിരിക്കുന്നത്. ദൈവമായിട്ട് ജനങ്ങളുടെ മനസിൽ തോന്നിപ്പിച്ച് ജനങ്ങൾ എന്നെ തെരഞ്ഞെടുത്തു. അവരുടെ സ്നേഹമാണ് വോട്ട് രൂപത്തിൽ ലഭിച്ചത്. അതിന് വേണ്ടി ഒന്നര വർഷം എനിക്ക് വേണ്ടി ജോലി ചെയ്ത തൃശൂരിലെ കാര്യകർത്താക്കളുണ്ട്. ജനങ്ങളും അവരും മാത്രമാണ് ഇനി എന്റെ ഉത്തരവാദിത്തം. ഞാൻ ജനങ്ങളെയല്ല, അവർ എന്നെയാണ് ചേർത്ത് നിർത്തേണ്ടത്”- സുരേഷ് ഗോപി പറഞ്ഞു.